Columnist
ഒ. അബ്ദുറഹ്മാന്‍
ഗ്രൂപ് എഡിറ്റര്‍, മാധ്യമം

കാല്‍പന്ത് തട്ടാനാവാത്തവരുടെ ഫുട്ബാള്‍ ഭ്രാന്ത്


കഴിഞ്ഞ ലോകകപ്പ് ഫുട്ബാള്‍ മത്സരം നടക്കുമ്പോഴോ അതിന്‍െറ മുമ്പത്തെ ലോകകപ്പ് മത്സരവേളയിലോ എന്ന് കൃത്യമായി ഓര്‍മയില്ല, എനിക്ക് ബി.ബി.സിയുടെ ഉര്‍ദു സര്‍വീസില്‍നിന്നൊരു വിളി. കേരളത്തില്‍ ഫുട്ബാളിനെതിരെ ഒരു മത യാഥാസ്ഥിതിക സംഘടന ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നാണവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഫുട്ബാള്‍ ഭ്രാന്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് എന്ന ഇ.കെ വിഭാഗം സുന്നി വിദ്യാര്‍ഥി സംഘടന ഒരു പ്രസ്താവന ഇറക്കിയതിനെക്കുറിച്ചാണ് ചോദ്യമെന്ന് മനസ്സിലായി. അതൊരു പ്രധാന വാര്‍ത്തയാക്കിയ ദ ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് സംഭവം ലോകശ്രദ്ധയാകര്‍ഷിച്ചത്. ‘ഫത്‌വയൊന്നും ഇറങ്ങിയതല്ല; ഫുട്ബാള്‍ കമ്പം മൂര്‍ച്ഛിച്ച് മുഴുസമയവും അതില്‍ അഭിരമിക്കുന്ന യുവാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ്’ സംഭവമെന്ന് ഞാന്‍ പറഞ്ഞു. പിറ്റേദിവസം രാവിലെ വീണ്ടും ബി.ബി.സിയില്‍നിന്ന് വിളി. ഇത്തവണ ലണ്ടനിലെ വേള്‍ഡ് ന്യൂസ് വിഭാഗത്തില്‍നിന്നാണ്. വാര്‍ത്തയുടെ സ്ഥിരീകരണം ആവശ്യപ്പെട്ടായിരുന്നു ഫോണ്‍കോള്‍. തലേദിവസത്തെ ഉത്തരംതന്നെ ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍ അവരുടെ വിസ്മയം കലര്‍ന്ന സംശയം: അപ്പോള്‍ കേരളത്തില്‍ ഇത്രമാത്രം ഫുട്ബാള്‍ ജ്വരമുണ്ടോ? ഇന്ത്യയിലാകെ, ക്രിക്കറ്റ് ഭ്രമമാണെന്നാണല്ളോ പൊതുധാരണ! ഞാന്‍ പറഞ്ഞു: ഞങ്ങളുടെ മലപ്പുറത്തെ ഫുട്ബാള്‍ ജ്വരത്തെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം. ഓരോ തെരുവിലും വീടിന്‍െറ മുന്നിലും അര്‍ജന്‍റീനയുടെയും ബ്രസീലിന്‍െറയുമൊക്കെ കൂറ്റന്‍ ദേശീയപതാകകള്‍ തൂങ്ങുകയാണ്. ഡേവിഡ് ബെക്കാം, മറഡോണ മുതല്‍ പേരുടെ ചിത്രങ്ങളാണ് ബസാറുകളില്‍ മുഴുക്കെ!
ഇപ്പോള്‍ വീണ്ടും ഒരു വേള്‍ഡ്കപ്പ് മത്സരം ബ്രസീലിലെ സാവോപോളോയില്‍ നടക്കെ, മലപ്പുറത്തുനിന്നൊരു കൗതുകവാര്‍ത്ത. ‘മുസ്‌ലിയാര്‍ എന്തുപറഞ്ഞാലും കപ്പ് ബ്രസീലിനുതന്നെ’ എന്നെഴുതിയ ഒരു ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണത്രെ മലപ്പുറത്തെ ഒരു മഹല്ല് പള്ളിക്കുമുന്നില്‍. വെള്ളിയാഴ്ച പള്ളിയില്‍ മതപ്രസംഗം നിര്‍വഹിച്ച പണ്ഡിതന്‍ അതിരുവിട്ട ഫുട്ബാള്‍ ഭ്രാന്തിനെ വിമര്‍ശിച്ചതാണ് പ്രകോപനം. രാത്രി ഉറക്കമിളച്ച് ടി.വിയില്‍ കളി കണ്ടാലും പോരാ, പകല്‍ മുഴുവന്‍ അതിനെക്കുറിച്ച ബഡായിയും വാതുവെപ്പും റോഡ്ഷോയുമൊക്കെയായി യുവാക്കള്‍ ഉന്മാദം കൊള്ളുകയാണ്. മൊത്തം മലബാറിലെ ദൃശ്യമാണിതെങ്കിലും മലപ്പുറത്തേത് ഒന്ന് വേറത്തെന്നെ. ചിത്രത്തിന്‍െറ ഏറ്റവും ദയനീയമായ മറുവശം കളി കാണുകയും പറയുകയും ആസ്വദിക്കുകയുമല്ലാതെ ഈ കായികകലയില്‍ പ്രാവീണ്യം നേടാനുള്ള ഗൗരവപൂര്‍വമായ ശ്രമങ്ങള്‍ മലപ്പുറത്തെ പുതിയ തലമുറയില്‍ നടക്കുന്നില്ലെന്നതാണ്. പലേടത്തും ഗ്രൗണ്ടുകളുണ്ട്; സ്റ്റേഡിയങ്ങളും ഉയരുന്നുണ്ട്. സെവന്‍സ് ഫുട്ബാള്‍മേളകളും വേനലില്‍ മുറതെറ്റാതെ അരങ്ങേറുന്നു. പക്ഷേ, രണ്ടാമതൊരു കൊറ്റനോ ചേക്കുവോ മൊയ്തീന്‍കുട്ടിയോ ശറഫലി പോലുമോ പുതിയ തലമുറയില്‍നിന്നുയരുന്നുണ്ടോ? പണം ഒഴുക്കി നൈജീരിയക്കാരെ ഇറക്കുമതി ചെയ്ത് കാല്‍പന്ത് കളിപ്പിച്ചിട്ട് ഗാലറികളിലിരുന്ന് പരസ്പരം പോര്‍വിളിക്കുകയും പലപ്പോഴും ശാരീരികമായി ഏറ്റുമുട്ടുകയും ചെയ്യുന്നതാണ് പുതിയ സംസ്കാരം. ഇതുകൊണ്ടൊക്കെ ഫുട്ബാള്‍ പ്രതിഭകളെ കണ്ടത്തൊനോ ലോക ഫുട്ബാള്‍ ഭൂപടത്തിലിരിക്കട്ടെ, ഫിഫ റാങ്കിങ്ങില്‍ നേപ്പാളിനും ബംഗ്ലാദേശിനും താഴെ 154ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഫുട്ബാള്‍ ടീം നിരയിലെങ്കിലും സ്ഥാനം പിടിക്കാനോ സാധിക്കുന്നതെങ്ങനെ? സന്തോഷ് ട്രോഫി കേരളത്തിന്‍െറ കൈകളിലത്തെിയിട്ട് കാലമെത്രയായി? നമുക്കിനിയും ബ്രസീലിനെയും അര്‍ജന്‍റീനയെയും സ്പെയ്നിനെയുമൊക്കെ ആരാധിച്ച് സായുജ്യമടയാം. കഷ്ടം, മഹാകഷ്ടം!

Leave a Reply